അടൂർ: ഓണത്തിന് റിലീസ് ചെയ്യുന്ന പുതിയ സിനിമകൾ കാണാൻ ഇത്തവണയും അടൂരുകാർക്ക് നാടുവിടേണ്ടിവരും. ഒരുകാലത്ത് ജില്ലയിലെ പ്രധാന സിനിമ റിലീസ് കേന്ദ്രമായിരുന്ന അടൂരിൽ ഓണക്കാലത്തും ഒരു സിനിമാ തീയറ്റർ പോലും പ്രവർത്തനസജ്ജമാകാത്തതാണ് യാഥാർഥ്യം.
സിനിമാ ആസ്വാദകരുടെ പ്രതീക്ഷയായിരുന്ന നയനം, നാദം തിയറ്ററുകളുടെ പുനർനിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ ഓണത്തിന് പ്രദർശനം തുടങ്ങാനുള്ള സാധ്യതയില്ല.
അടൂരിന്റെ സിനിമാ പാരമ്പര്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നഗരത്തിലെ ആദ്യകാല തിയറ്ററുകളിലൊന്നായ മണി ടാക്കീസ് മുതൽ തുടങ്ങിയ സിനിമാ പ്രദർശന പാരമ്പര്യം പിന്നീട് നിരവധി തിയറ്ററുകളിലേക്ക് വളർന്നു. 2000-ത്തിന്റെ തുടക്കത്തിൽ അടൂർ-പറക്കോട് മേഖലയിൽ ആറോളം തിയറ്ററുകളാണ് പ്രവർത്തിച്ചിരുന്നത്. ആ കാലഘട്ടത്തിൽ മേഖലയിലെ ബാൽക്കണി സൗകര്യമുള്ള ഏക തിയറ്ററായിരുന്ന പറക്കോട് എസ്.ആർ.കെ അടക്കം പ്രേക്ഷകരുടെ പ്രിയ കേന്ദ്രങ്ങളായിരുന്നു.
എന്നാൽ പിന്നീട് ഒന്നിനു പിന്നാലെ ഒന്നായി തിയറ്ററുകൾ അടച്ചുപൂട്ടി. പറക്കോട് ശക്തി, കോട്ടമുകൾ എം.കെ.ആർ, ഏനാത്ത് എ.ആർ.എം, കൊടുമൺ ശ്രീഗോവിന്ദ് തുടങ്ങിയ തിയറ്ററുകളെല്ലാം പ്രദർശനം അവസാനിപ്പിച്ചു. അടൂർ നഗരത്തിൽ ഒടുവിൽ പ്രദർശനം അവസാനിപ്പിച്ച സ്മിത തിയറ്ററും ഇപ്പോൾ ഓർമ മാത്രമാണ്.
നഗരത്തിലെ നയനം, നാദം തിയറ്ററുകൾ നവീകരണത്തിനായി അടച്ചിട്ട് ആറ് വർഷത്തിലേറെയായി. നാലു സ്ക്രീനുകളുമായി ആധുനിക സൗകര്യങ്ങളോടെ തിരിച്ചുവരാനുള്ള നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് ഉടമ വിജയൻ ഉണ്ണിത്താൻ പറയുന്നത്. എന്നാൽ ഓണത്തിന് മുമ്പ് തിയറ്റർ തുറക്കാൻ കഴിയാത്തതിനാൽ പുതിയ സിനിമകൾ കാണാൻ അടൂരുകാർക്ക് ഇത്തവണയും മറ്റ് നഗരങ്ങളെ ആശ്രയിക്കേണ്ടിവരും.
ഏഴുമാസം മുമ്പ് നടന്ന അടൂർ ചലച്ചിത്രോത്സവത്തിൽ ലോകോത്തര സിനിമകൾ പ്രദർശിപ്പിച്ചത് ഓഡിറ്റോറിയത്തിലായിരുന്നു. അടൂർ ഭാസി, അടൂർ ഭവാനി, അടൂർ പങ്കജം, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി സിനിമാരംഗത്ത് അടൂരിന്റെ പേര് ആഗോളതലത്തിൽ ഉയർത്തിയ നിരവധി പ്രതിഭകളുടെ നാടാണ് ഇന്ന് സിനിമ കാണാൻ മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്.